Thursday, January 2, 2014







തമ്മിലെന്ത്....? 



വാക്കുകള്‍ കൊണ്ട് 
പറഞ്ഞു തീര്‍ക്കുവാനാകുമോ.....?
 
നോട്ടം കൊണ്ട് .... സ്പര്‍ശം കൊണ്ട്.... ?
മൗനം  കൊണ്ട്... നോവ്‌ കൊണ്ട് ....?

ഇതുവരെ പ്രണയം 
മുഴുമിച്ചിട്ടുണ്ടാവില്ല. 

പ്രണയം!
മരണംവരേക്കുള്ള 
രഹസ്യ ഉടമ്പടി.

അര്‍ഹതയുള്ള മനസ്സിന്റെ 
പൂക്കാലം തിരഞ്ഞുള്ള പര്യടനം.

കീഴടങ്ങിയും,കീഴടക്കിയും
രണ്ട്  ആകാശങ്ങള്‍ 
അപ്പൂപ്പൻ താടികളാവുന്ന 
പ്രതിഭാസം.

അതുകൊണ്ടുതന്നെയാണ് 
പ്രണയം ഇതുവരെയും 
എന്നെയും നിന്നെയും 
അഹങ്കാരികളാക്കാത്തതും.


ദീപ അജി ജോണ്‍ (സജിരിത) .






അണലി പെറ്റ പ്രണയം ?


ഏതൊരു ഉറവയിലെ 
നീരിനും,അഗ്നിക്കും 
തുടച്ചു നീക്കുവാനകില്ല
ഈ ചൂര്.

പ്രണയം കൊരുത്തിട്ട 
ഭ്രാന്തൻ ചങ്ങലയുമിഴച്ചു
രാജവീഥികളിൽ പോലും 
അവൾ അവനൊപ്പം നടന്നു .

അന്നും സ്വതന്ത്രനായിരുന്നവൻ.
അവനു നോവുമെന്നോർത്ത്
ചങ്ങലകൊളുത്ത് സ്വയമവൾ
കാലിലേക്കണിഞ്ഞു.

എന്നിട്ടും പറഞ്ഞു  
പ്രണയം അണലി
പെറ്റതാണെന്ന്!!

ഒരു നിര പ്രണയങ്ങളിൽ 
ഒന്നിടവിട്ടവ അണലി പെറ്റത് 
തന്നെയാവും.

അവൾക്ക്,
തെല്ലും സംശയമില്ല 
പറഞ്ഞത് 'അവൻ' തന്നെയല്ലേ.


ദീപ അജി ജോണ്‍ (സജിരിത).
 






പങ്കുവക്കപെടുന്നത് 



കുടിലുകളിലേക്കുള്ള 
വഴികള്‍ ഞെരുങ്ങിയതും
തിരിവുകളേറെയുള്ളതും 
ഗരിമ തീരെയില്ലാത്തതുമാകുന്നു. 

എങ്കിലും,
അതിനുടയോര്‍ 
മനസ്സിന് മാനത്തേക്കാള്‍ 
വലിപ്പം വച്ചവര്‍.
 
അതുകൊണ്ട് തന്നെയാവും,

പൂവന്‍ പിടകള്‍ക്ക് 
കാഷ്ട്ടിക്കുവാനും, 

നായകള്‍ക്ക് രതിസൂത്രം  
മെനയുവാനും,

പൂച്ചകള്‍ക്ക് രാവില്‍
പുലഭ്യം പറയുവാനും, 

എന്തിനേറെ....

കരിനാഗങ്ങള്‍ക്ക് 
ഇണ ചേരുവാന്‍ പോലും 
ഒട്ടും പരിഭവമില്ലാതെ,
 
ആ ഇടുങ്ങു വഴികള്‍ 
പകുത്തു നല്കപെട്ടത്‌. 



ദീപ അജി ജോണ്‍ (സജിരിത).