Thursday, January 2, 2014







തമ്മിലെന്ത്....? 



വാക്കുകള്‍ കൊണ്ട് 
പറഞ്ഞു തീര്‍ക്കുവാനാകുമോ.....?
 
നോട്ടം കൊണ്ട് .... സ്പര്‍ശം കൊണ്ട്.... ?
മൗനം  കൊണ്ട്... നോവ്‌ കൊണ്ട് ....?

ഇതുവരെ പ്രണയം 
മുഴുമിച്ചിട്ടുണ്ടാവില്ല. 

പ്രണയം!
മരണംവരേക്കുള്ള 
രഹസ്യ ഉടമ്പടി.

അര്‍ഹതയുള്ള മനസ്സിന്റെ 
പൂക്കാലം തിരഞ്ഞുള്ള പര്യടനം.

കീഴടങ്ങിയും,കീഴടക്കിയും
രണ്ട്  ആകാശങ്ങള്‍ 
അപ്പൂപ്പൻ താടികളാവുന്ന 
പ്രതിഭാസം.

അതുകൊണ്ടുതന്നെയാണ് 
പ്രണയം ഇതുവരെയും 
എന്നെയും നിന്നെയും 
അഹങ്കാരികളാക്കാത്തതും.


ദീപ അജി ജോണ്‍ (സജിരിത) .






അണലി പെറ്റ പ്രണയം ?


ഏതൊരു ഉറവയിലെ 
നീരിനും,അഗ്നിക്കും 
തുടച്ചു നീക്കുവാനകില്ല
ഈ ചൂര്.

പ്രണയം കൊരുത്തിട്ട 
ഭ്രാന്തൻ ചങ്ങലയുമിഴച്ചു
രാജവീഥികളിൽ പോലും 
അവൾ അവനൊപ്പം നടന്നു .

അന്നും സ്വതന്ത്രനായിരുന്നവൻ.
അവനു നോവുമെന്നോർത്ത്
ചങ്ങലകൊളുത്ത് സ്വയമവൾ
കാലിലേക്കണിഞ്ഞു.

എന്നിട്ടും പറഞ്ഞു  
പ്രണയം അണലി
പെറ്റതാണെന്ന്!!

ഒരു നിര പ്രണയങ്ങളിൽ 
ഒന്നിടവിട്ടവ അണലി പെറ്റത് 
തന്നെയാവും.

അവൾക്ക്,
തെല്ലും സംശയമില്ല 
പറഞ്ഞത് 'അവൻ' തന്നെയല്ലേ.


ദീപ അജി ജോണ്‍ (സജിരിത).
 






പങ്കുവക്കപെടുന്നത് 



കുടിലുകളിലേക്കുള്ള 
വഴികള്‍ ഞെരുങ്ങിയതും
തിരിവുകളേറെയുള്ളതും 
ഗരിമ തീരെയില്ലാത്തതുമാകുന്നു. 

എങ്കിലും,
അതിനുടയോര്‍ 
മനസ്സിന് മാനത്തേക്കാള്‍ 
വലിപ്പം വച്ചവര്‍.
 
അതുകൊണ്ട് തന്നെയാവും,

പൂവന്‍ പിടകള്‍ക്ക് 
കാഷ്ട്ടിക്കുവാനും, 

നായകള്‍ക്ക് രതിസൂത്രം  
മെനയുവാനും,

പൂച്ചകള്‍ക്ക് രാവില്‍
പുലഭ്യം പറയുവാനും, 

എന്തിനേറെ....

കരിനാഗങ്ങള്‍ക്ക് 
ഇണ ചേരുവാന്‍ പോലും 
ഒട്ടും പരിഭവമില്ലാതെ,
 
ആ ഇടുങ്ങു വഴികള്‍ 
പകുത്തു നല്കപെട്ടത്‌. 



ദീപ അജി ജോണ്‍ (സജിരിത).

Thursday, October 27, 2011

പ്രിയനോട്

എന്റെ തോള്‍ മാറാപ്പില്‍ നിന്ന്
ഇനി നിന്റെ സ്വപ്‌നങ്ങള്‍
മുഴുവന്‍ എടുത്തുകൊള്‍ക
എന്നില്‍  നിന്ന് നിന്നെയും.
അകലത്തിലേക്ക്
നടന്നുകൊള്‍ക...
കണ്ണുനീര്‍ വീണു
സാന്ദ്രമായ ഹൃദയം
നിലത്തെറിഞ്ഞു
നിന്നെയും നോക്കി ഞാന്‍
ഇവിടെ തന്നെ നില്‍പ്പുണ്ടാവും.
ഇനിവരും,
വെയിലും മഴയും ഏറ്റു
പഴുത്തും തണുത്തും
വെറും നിലത്തു പിടയട്ടെ
എന്റെ പ്രാണന്‍....
ഇതു നിന്നെ പ്രണയിച്ച
എനിക്ക് എന്റെ ശാപം!
നോവാതെ നീയത്
നോക്കി നില്‍ക്കണം
എന്ന് നിനക്കും ശാപം!.
വ്യര്‍ത്ഥമോഹം

കുമാരാ...
ഞാന്‍ കൊട്ടാരമില്ലാത്ത
രാജകുമാരി.
പട്ടുടുപ്പും പരിചാരികയും
സ്വന്തമല്ലാത്തവള്‍.
പകിട്ടും പദവിയും
തീരെയില്ലാത്തവള്‍.
നാട്യവും നടനവു-
മേതുമറിയാത്തവള്‍.
ഒന്നുമറിയാതെ,
മോഹിച്ചുപോയി ഞാന്‍,
ഒരിലക്കീറില്‍,
ഒരുമിച്ചിരുന്നുണ്ണുവാന്‍....
ഒരു കുട കീഴില്‍,
മഴ നനയാതെ നനയുവാന്‍...
ഒരേ കൂരയില്‍,
ഒരുമിച്ചുറങ്ങുവാന്‍...
ഒരേ മരത്തിന്റെ
ഇളം ചില്ലകളാകുവാന്‍...
ഒന്നിച്ചുതിര്‍ന്നുടയും
രണ്ടു പൊന്മഴതുള്ളികളാകുവാന്‍...
ക്ഷമിക്കുക ,
നാമിരുവരും ഒരേ കണ്ണിലെ
രണ്ടു കാഴ്ചകളാണെന്നു-
മറന്നു ഞാന്‍ .....
എങ്കിലും, 
ഒളിപ്പിക്ക എന്നെ നീ
നിന്‍ കണ്ണിലെ അടരാത്ത-
കണ്ണുനീര്‍ത്തുള്ളിയായ്‌..
നിന്‍  നഷ്ട്ടരാജ്യത്തിന്നവകാശിയായ് ...

ദീപ അജി ജോണ്‍ (സജിരിത)
വരുമെന്നോര്‍ത്ത്

ഇനിയെന്ന് കാണുമെന്നോര്‍ത്തു
ഞാന്‍ കൂട്ടിയ
മഞ്ചാടി മണികളും
എണ്ണം തികച്ചു പോയ്‌
ചൊടിയിലെ ചുംബന പാടും
മാഞ്ഞു പോയ്‌
ചിങ്ങവും വന്നുപോയ്‌
കന്നിയും...
നീ അരികത്തണയാന്‍ 
ഞാനും കൊതിച്ചു പോയ്‌
ഒരു തുണ്ട് കാര്‍മേഘക്കീറ് 
ഞാന്‍ വാങ്ങാം
നീ വരുമ്പോള്‍ നിനക്ക്
മഴ പെയ്യിക്കുവാന്‍
ഒരു കുഞ്ഞു സൂര്യനും
ചന്ദ്രനും വാങ്ങാം
നിനക്കായൊരു പകലിനും
നറു നിലാവിനും 
അത്ഭുതങ്ങളെല്ലാം
ഞാനിങ്ങു വാങ്ങാം
ചുമ്മാ
നിന്നെ ഒന്നന്പരപ്പിക്കുവാന്‍
മറക്കാതെ,
ആഴിയും ആകാശവും
ഇന്ന് ഞാന്‍ വാങ്ങാം
നിനക്കെന്‍,
പ്രണയത്തിന്‍ ആഴം
അളന്നീടുവാന്‍...
വെറുതേ......



ദീപ അജി ജോണ്‍ (സജിരിത)