Thursday, October 27, 2011

പ്രിയനോട്

എന്റെ തോള്‍ മാറാപ്പില്‍ നിന്ന്
ഇനി നിന്റെ സ്വപ്‌നങ്ങള്‍
മുഴുവന്‍ എടുത്തുകൊള്‍ക
എന്നില്‍  നിന്ന് നിന്നെയും.
അകലത്തിലേക്ക്
നടന്നുകൊള്‍ക...
കണ്ണുനീര്‍ വീണു
സാന്ദ്രമായ ഹൃദയം
നിലത്തെറിഞ്ഞു
നിന്നെയും നോക്കി ഞാന്‍
ഇവിടെ തന്നെ നില്‍പ്പുണ്ടാവും.
ഇനിവരും,
വെയിലും മഴയും ഏറ്റു
പഴുത്തും തണുത്തും
വെറും നിലത്തു പിടയട്ടെ
എന്റെ പ്രാണന്‍....
ഇതു നിന്നെ പ്രണയിച്ച
എനിക്ക് എന്റെ ശാപം!
നോവാതെ നീയത്
നോക്കി നില്‍ക്കണം
എന്ന് നിനക്കും ശാപം!.
വ്യര്‍ത്ഥമോഹം

കുമാരാ...
ഞാന്‍ കൊട്ടാരമില്ലാത്ത
രാജകുമാരി.
പട്ടുടുപ്പും പരിചാരികയും
സ്വന്തമല്ലാത്തവള്‍.
പകിട്ടും പദവിയും
തീരെയില്ലാത്തവള്‍.
നാട്യവും നടനവു-
മേതുമറിയാത്തവള്‍.
ഒന്നുമറിയാതെ,
മോഹിച്ചുപോയി ഞാന്‍,
ഒരിലക്കീറില്‍,
ഒരുമിച്ചിരുന്നുണ്ണുവാന്‍....
ഒരു കുട കീഴില്‍,
മഴ നനയാതെ നനയുവാന്‍...
ഒരേ കൂരയില്‍,
ഒരുമിച്ചുറങ്ങുവാന്‍...
ഒരേ മരത്തിന്റെ
ഇളം ചില്ലകളാകുവാന്‍...
ഒന്നിച്ചുതിര്‍ന്നുടയും
രണ്ടു പൊന്മഴതുള്ളികളാകുവാന്‍...
ക്ഷമിക്കുക ,
നാമിരുവരും ഒരേ കണ്ണിലെ
രണ്ടു കാഴ്ചകളാണെന്നു-
മറന്നു ഞാന്‍ .....
എങ്കിലും, 
ഒളിപ്പിക്ക എന്നെ നീ
നിന്‍ കണ്ണിലെ അടരാത്ത-
കണ്ണുനീര്‍ത്തുള്ളിയായ്‌..
നിന്‍  നഷ്ട്ടരാജ്യത്തിന്നവകാശിയായ് ...

ദീപ അജി ജോണ്‍ (സജിരിത)
വരുമെന്നോര്‍ത്ത്

ഇനിയെന്ന് കാണുമെന്നോര്‍ത്തു
ഞാന്‍ കൂട്ടിയ
മഞ്ചാടി മണികളും
എണ്ണം തികച്ചു പോയ്‌
ചൊടിയിലെ ചുംബന പാടും
മാഞ്ഞു പോയ്‌
ചിങ്ങവും വന്നുപോയ്‌
കന്നിയും...
നീ അരികത്തണയാന്‍ 
ഞാനും കൊതിച്ചു പോയ്‌
ഒരു തുണ്ട് കാര്‍മേഘക്കീറ് 
ഞാന്‍ വാങ്ങാം
നീ വരുമ്പോള്‍ നിനക്ക്
മഴ പെയ്യിക്കുവാന്‍
ഒരു കുഞ്ഞു സൂര്യനും
ചന്ദ്രനും വാങ്ങാം
നിനക്കായൊരു പകലിനും
നറു നിലാവിനും 
അത്ഭുതങ്ങളെല്ലാം
ഞാനിങ്ങു വാങ്ങാം
ചുമ്മാ
നിന്നെ ഒന്നന്പരപ്പിക്കുവാന്‍
മറക്കാതെ,
ആഴിയും ആകാശവും
ഇന്ന് ഞാന്‍ വാങ്ങാം
നിനക്കെന്‍,
പ്രണയത്തിന്‍ ആഴം
അളന്നീടുവാന്‍...
വെറുതേ......ദീപ അജി ജോണ്‍ (സജിരിത)
പശ്ചാത്താപം

ചൂരല്‍വടി മുറിയുടെ
മൂലക്കിരുന്നു
കണ്ണുനീര്‍ വാര്‍ക്കുന്നു.
ഇപ്പോള്‍
കണ്ണ് കാണാമെന്ന്!
കുരുടനായിരുന്നപ്പോഴത്രേ 
എന്നെ തലങ്ങും വിലങ്ങും
പ്രഹരിച്ചത്.
പശ്ചാത്താപം...!!
വെറുതെ ചാലിട്ടോഴുക്കേണ്ട,
വീണ്ടും
കുരുടനാവില്ലെന്നു ആരറിഞ്ഞു.
 
ദീപ അജി ജോണ്‍ (സജിരിത).
പാളങ്ങളില്‍

നോവിന്‍ മുഴക്കോല്‍ നെഞ്ചിലോളിപ്പിച്ചു
ചോര ചാറി ചുവന്ന കല്ല്‌ വഴികളില്‍
ചിന്തകളില്ലാത്ത.......
റെയില്‍ വണ്ടി  വേഗം.

ചുണ്ട് പിഴുതൊരുമ്മ വച്ച്
തമ്മില്‍ കഴുത്ത്‌ ഞെരിച്ചുടച്ച്
ഒച്ചയടഞ്ഞ പല യൌവനങ്ങള്‍
നിന്‍ ഉരുക്കിന്‍ കരുത്തില്‍ ഇതള്‍ കൊഴിച്ചു.
 
വിടുകഥകള്‍ വലിച്ചിട്ട വിടവിന്‍ കറുപ്പില്‍
മാംസ ബലിയും കഴിച്ച്‌
നിറം കുടിച്ചു
അസ്ഥി തകര്‍ന്ന്അയഞ്ഞ ബന്ധം.

പട്ടിണി ത്രിക്കണ്‍ തുറപ്പിച്ചോരത്മാവ്
പാഥേയം തേടി വിലങ്ങനെ വീഴുമ്പോള്‍
നീയോ...വഴിച്ചൂട്ട്‌ കരുതാത്ത
പഥികനെപോല്‍.

നോവിന്‍ മുഴക്കോല്‍ നെഞ്ചിലോളിപ്പിച്ചു
പ്രാണന്‍ നീറി പിടയുന്ന കല്ലുവഴികളില്‍
വീണ്ടും...
ചിന്തകളില്ലാതെ... റെയില്‍ വണ്ടി വേഗം.


 ദീപ അജി ജോണ്‍ (സജിരിത).
ഉടല്‍ വഴികള്‍


സ്വപ്‌നങ്ങള്‍ നൊന്തു
നിലവിളിച്ചപ്പോഴായിരുന്നു
ചുംബിക്കുവാന്‍ അവന്‍
എന്‍ അധരങ്ങള്‍ തേടിയത്.
പൊള്ളും എന്നുറപ്പെങ്കിലും 
പിന്നോട്ടടി വച്ചില്ല ഞാന്‍
.
പകലോളിപ്പിടങ്ങളാല്‍
അസ്വസ്ഥനായപ്പോഴാവണം
അവന്‍ എന്റെ കണ്ണുകളിലേക്കു
നോക്കിയിരിക്കാന്‍ തുടങ്ങിയത്.
നിറമിഴിയെങ്കിലും
തുളുന്പാതെ
നേര്‍ക്കിരുന്നു ഞാനും.
വളവു വഴികളില്‍
അലഞ്ഞു മടുത്തപ്പോഴാവും
നേര് വഴിയുള്ള 
എന്റെ വീട്ടിലേക്കവന്‍
നടന്നു കയറിയത്...
പക്ഷെ...,
അവനു വഴങ്ങുവാന്‍
കഴിയാത്തവണ്ണം
ഞാന്‍ പുകഞ്ഞ്‌ തുടങ്ങിയിരുന്നു.....
ക്ഷമ പറഞ്ഞ്‌,
ഇനിയൊരു   അഗ്നിപര്‍വതത്തിന്റെ
മുകളടപ്പാവാന്‍ നിര്‍ത്താതെ,
എനിക്കവനെ തിരിച്ചയക്കണം.....
സ്വപ്‌നങ്ങള്‍ പൂക്കുന്ന
പറുദീസയിലേക്ക്‌...!!!! 
  
    ദീപ അജി ജോണ്‍ (സജിരിത)
   
വിറകു കൊള്ളിയും അടുപ്പുകല്ലും

വിറകു കൊള്ളിക്കു പ്രണയം
അടുപ്പുകല്ലിനോട്..!
പ്രണയമോര്‍ത്തും ചിരിച്ചും
ഊഴവും കാത്ത്
വിറകുപുര കോണില്‍.
ഒടുവിലാ  സുദിനവും.
പ്രിയനോട് ചേര്‍ന്ന് 
വെന്ത് വെണ്ണീറാവും  മുന്‍പേ
പ്രണയം പറഞ്ഞും,കരഞ്ഞും
കണ്ണീരോഴുക്കിയും, നനഞ്ഞും
പുകഞ്ഞ്‌....
കൊള്ളി പുറത്ത്.
മുഖം മിനുക്കി തുടച്ചവള്‍
ചിരിച്ചു നില്‍ക്കെ,
അടുപ്പുകല്ലടക്കം പറഞ്ഞു
മെല്ലെ....
"എനിക്ക് പ്രണയം
തീയോടു മാത്രം.... "
പാവം!!!!
'പ്രണയമേ...
കണ്ണുനീര്‍ കൊണ്ടിനി
നിന്‍ വില കുറച്ചേക്കില്ല'
എന്നുറച്ച നെഞ്ചുമായി
 അവള്‍
വീണ്ടും...
ഊഴവും കാത്ത്...
അവനരികില്‍.  
         
  ദീപ അജി ജോണ്‍ (സജിരിത)